Monday, November 9, 2009

നീതിന്യായരംഗത്തെ നിഴലും നിലാവും

ഇന്ത്യന്‍ നീതിന്യായരംഗത്ത് നിലാവെട്ടം എന്നു വിശേഷിപ്പിക്കാവുന്ന രണ്ടു സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. ജസ്റ്റിസ് പി.ഡി. ദിനകരനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് തടഞ്ഞതാണ് ഒന്ന്. രണ്ടാമത്തേത് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പ്രഖ്യാപിക്കലും.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ദിനകരന്‍. ഫ്യൂഡല്‍പ്രഭുവായി അദ്ദേഹം അറിയപ്പെടുന്നു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണ് ജന്മിയായത്. മദ്രാസില്‍ വക്കീലായിരിക്കെ തിരുവള്ളൂര്‍ ജില്ലയിലെ തിരുത്താണി താലൂക്കിലുള്ള കവരിരാജപുരം ഗ്രാമത്തില്‍ 90 ഏക്കര്‍ വാങ്ങി. പന്ത്രണ്ട് വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ ഭൂസ്വത്ത് വന്‍തോതില്‍ വര്‍ധിച്ചു. ഇന്ന് 450ഓളം ഏക്കറിന്റെ ഉടമയാണ്.
ദരിദ്രദലിതര്‍ക്ക് വിതരണംചെയ്യാനുള്ള പുറമ്പോക്കാണ് ഇതില്‍ സിംഹഭാഗവും. സ്വന്തം സമുദായക്കാരെ വഞ്ചിച്ച് ഭൂമി തട്ടിയെടുത്തു എന്നാണ് ജഡ്ജിക്കെതിരായ ആരോപണം. ഭൂരഹിതദലിതരെ പിണിയാളുകളെക്കൊണ്ട് ആട്ടിപ്പായിച്ച് ഭൂമി കൈയേറി വേലികെട്ടി തിരിക്കും. അതുപിന്നെ സ്വന്തം. അങ്ങനെയാണ് ജസ്റ്റിസ് ദിനകരന്‍ ഭൂപ്രഭു ആയതെന്നാണ് ആക്ഷേപം. ആരോപണമുയര്‍ത്തിയത് ദലിതര്‍തന്നെ. വിവിധസംഘടനകള്‍ അതേറ്റുപിടിച്ചു ജസ്റ്റിസ് ദിനകരനെതിരെ രംഗത്തുവന്നു. സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നവരില്‍ ദിനകരനും ഉള്‍പ്പെട്ടപ്പോള്‍ പ്രമുഖ നിയമജ്ഞരില്‍നിന്നു പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ പരമോന്നത നീതിപീഠത്തിലേക്കുള്ള കവാടം ജഡ്ജിമാരുടെ കൊളീജിയം അദ്ദേഹത്തിന്റെ മുന്നില്‍ കൊട്ടിയടച്ചു.

ചീഫ്ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും സുപ്രീംകോടതിയിലെ 20 ജഡ്ജിമാരും നവംബര്‍ രണ്ടിന് സ്വത്തുവിവരം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15ന് വിരമിച്ച ജസ്റ്റിസ് ബി.എന്‍. അഗര്‍വാളും ആസ്തി വെളിപ്പെടുത്തി. ചരിത്രംകുറിച്ച നടപടിയായി ഇത്. തികച്ചും സ്വമേധയാ സ്വത്തുവിവരം പ്രഖ്യാപിക്കുന്നു എന്ന് സുപ്രീംകോടതി അറിയിച്ചതോടെ കുറെനാളായി നിലനിന്ന വിവാദത്തിന് അന്ത്യമായി. സ്വത്തു വെളിപ്പെടുത്തുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ന്യായാധിപര്‍ തന്നെ രംഗത്തുവന്നു. ഉന്നത നീതിപീഠം കഴിഞ്ഞ രണ്ടുമാസമായി ഈ വിവാദച്ചുഴിയിലായിരുന്നു. ബ്രിട്ടീഷ് പൈതൃകം ഉള്‍ക്കൊളളുന്നതാണ് നമ്മുടെ നീതിന്യായവ്യവസ്ഥ. 'പ്രഭുത്വ'വും 'ചെങ്കോലും' ഒക്കെ അതിന്റെ ഭാഗമാണ്. പ്രത്യേക അവകാശാധികാരമുള്ളവര്‍, ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരല്ലാത്തവര്‍ എന്നിങ്ങനെയുളള ധാരണയും ന്യായാസനത്തെപ്പറ്റി നിലനിന്നു. അതില്‍ നിന്നൊക്കെയുള്ള മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ് ആസ്തിപ്രഖ്യാപനം. നീതിന്യായവ്യവസ്ഥ ജനകീയമാകുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
ഇന്ത്യന്‍ ജുഡീഷ്യറിക്ക് അഴിമതിക്കറ പുരളുന്നു എന്ന അപഖ്യാതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് അസ്ഥാനത്തല്ലെന്ന് 2002 ജനുവരിയില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.പി. ബറൂച്ചയുടെ പ്രസ്താവന വിളിച്ചറിയിച്ചു. ഉന്നതജുഡീഷ്യറിയില്‍ 20 ശതമാനം അഴിമതിക്കാരായിരിക്കാം എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.

അധികം കഴിഞ്ഞില്ല, സുപ്രീംകോടതിയിലെ ഒരു ജഡ്ജിയും വിവിധ ഹൈക്കോടതിയിലെ 10 ജഡ്ജിമാരും കീഴ്ക്കോടതികളിലെ 23 ജഡ്ജിമാരും അഴിമതി ആരോപണത്തില്‍ കുടുങ്ങി. ജഡ്ജിമാര്‍ക്കുപുറമെ കേസില്‍ വേറെ 83 പേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാകോടതിയിലെ ക്ലാസ് മൂന്ന്, നാല് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുക ദുരുപയോഗം ചെയ്തെന്ന കേസ് സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിനു വിട്ടു. 23 കോടിരൂപയുടെ ദുരുപയോഗമാണ് കണക്കാക്കപ്പെട്ടത്.

ജഡ്ജിമാര്‍ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ സൌമിത്രസെന്നിനെ കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് സര്‍വീസില്‍നിന്ന് ഇംപീച് ചെയ്യാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അനുവദിച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിന് ചീഫ് ജസ്റ്റിസ് കത്തെഴുതി. ചെങ്കല്ല് വിതരണം ചെയ്യുന്നതിനായി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുണ്ടായ നിയമയുദ്ധത്തില്‍ റിസീവറായിരുന്ന സൌമിത്രസെന്‍ കേസില്‍ കെട്ടിവെച്ച 32 ലക്ഷം 1993ല്‍ കൈവശപ്പെടുത്തിയതായാണ് ആരോപണം.

ഇതിനുമുമ്പ് ഇംപീച്മെന്റ് നീക്കം നടന്നത് 1993ലായിരുന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.രാമസ്വാമിക്കെതിരെ. പഞ്ചാബ്^ഹരിയാന ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ സ്ഥാനം ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ വീട് അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിച്ചതിന്റെ കണക്കില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ക്രമക്കേട് കണ്ടെത്തി. ഇതോടൊപ്പം വീട്ടുകാര്‍ വിളിച്ച ഫോണ്‍കോളുകളുടെ സംഖ്യയും സ്വന്തം കണക്കില്‍പ്പെടുത്തി വാങ്ങി എന്ന ആരോപണവുമുണ്ടായിരുന്നു. ഇംപീച്മെന്റ്വോട്ടെടുപ്പില്‍ ഹാജരായ എം.പിമാരില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതുമൂലം മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. അതിനാല്‍ ഇംപീച്മെന്റ് പ്രമേയം പരാജയപ്പെട്ടു. ഇംപീച്മെന്റില്‍നിന്ന് രക്ഷപ്പെട്ട മറ്റൊരു സുപ്രീംകോടതി ജഡ്ജികൂടിയുണ്ട്^ജസ്റ്റിസ് എം.എം.പുഞ്ചി. അദ്ദേഹം കുറ്റാരോപിതനാണെന്ന് ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി കമീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇംപീച്മെന്റിന് എം.പിമാര്‍ ചേരുന്നതിനുമുമ്പ് സുപ്രീംകോടതി ചീഫ്ജസ്റ്റിസായി നിയമിതനാകയാല്‍ ഇംപീച്മെന്റ് ഒഴിവായി.
പഞ്ചാബ്^ഹരിയാന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി നിര്‍മല്‍ജിത് കൌറിന്റെ വീട്ടില്‍ കൈക്കൂലിയായി 15 ലക്ഷം രൂപ അബദ്ധത്തില്‍ കൊണ്ടുവന്നപ്പോഴാണ് സംസ്ഥാനത്തെ ഉന്നത നീതിപീഠത്തെ അഴിമതി ഗ്രസിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചന ലഭിച്ചത്. ജസ്റ്റിസ് നിര്‍മല്‍യാദവിന് എത്തിക്കാനുളള പണം ആളുമാറി ജസ്റ്റിസ് നിര്‍മല്‍ജിത് കൌറിന്റെ വീട്ടില്‍ കൊണ്ടുചെന്നു. കുഴപ്പം മണത്ത ജസ്റ്റിസ് കൌര്‍ പൊലീസിനെ വിവരമറിയിച്ചു. ചണ്ഡീഗഢ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോടതി വിധികള്‍ അനുകൂലമാക്കാന്‍ കൈക്കൂലി നിര്‍ബാധം ഒഴുകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ജസ്റ്റിസ് നിര്‍മല്‍യാദവിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്തു.

ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞുകുളിച്ച സംഭവങ്ങളാണിതൊക്കെ. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഒരു പഠനറിപ്പോര്‍ട്ടുണ്ട്. 2007ല്‍ ബര്‍ലിന്‍ ആസ്ഥാനമായ 'ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനലി(ടി.ഐ)ന്റേത്. ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളിലായിരുന്നു പഠനം. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസാണ് ടി.ഐക്കുവേണ്ടി ജുഡീഷ്യറിയുടെ താഴേത്തട്ടില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച പൊതുജനങ്ങളുടെ അനുഭവം അടിസ്ഥാനമാക്കി 2005ല്‍ രാജ്യവ്യാപകമായി ഇന്ത്യയില്‍ സര്‍വേ നടത്തിയത്. ടി.ഐ പുറത്തുവിട്ട വിവരങ്ങള്‍ ജുഡീഷ്യറിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു. ജുഡീഷ്യറി അഴിമതി നിറഞ്ഞതാണെന്ന പ്രതികരണമായിരുന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനത്തിനും. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ സര്‍വേയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കാര്യങ്ങള്‍ നേടുന്നതിനുള്ള പ്രതിഫലമായിട്ടാണ് കോഴ എന്നാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ പന്ത്രണ്ട് മാസക്കാലത്തിനിടയില്‍ നല്‍കിയ കോഴ 580 ദശലക്ഷം ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്. താഴെ പറയും അനുപാത ക്രമത്തിലാണ് കോഴ: 61 ശതമാനം അഭിഭാഷകര്‍ക്ക്; 29 ശതമാനം കോടതി അധികൃതര്‍ക്ക്; 5 ശതമാനം ഇടനിലക്കാര്‍ക്ക്.
ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പലവിധ അഴിമതി നടക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ബോധപൂര്‍വമായ കാലതാമസം വരുത്തുക, കേസ് നടത്തിപ്പ് വേഗത്തിലാക്കുക, അപ്പീലുകള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുക, ഒരു ജഡ്ജി മറ്റൊരു ജഡ്ജിയെ സ്വാധീനിക്കുക ഇത്യാദികാര്യങ്ങള്‍ കൈക്കൂലിവാങ്ങി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന, ജനവിശ്വാസം പിടിച്ചുപറ്റുന്ന ഒരു ജുഡീഷ്യല്‍സംവിധാനത്തിനു മാത്രമേ വഴിവിട്ടുപോകുന്ന എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും നിയന്ത്രിക്കാനാവൂ. അഭിഭാഷകവൃത്തിയില്‍ പ്രാഗല്ഭ്യം കാട്ടുന്നവരെ മാത്രം ലോ ഓഫിസര്‍മാരായും പബ്ലിക്പ്രോസിക്യൂട്ടര്‍മാരായും ഗവണ്‍മെന്റ് പ്ലീഡര്‍മാരായും ചീഫ്ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമിക്കുകയായിരുന്നു നേരത്തേയുള്ള രീതി. ഇവരില്‍നിന്നാണ് പിന്നീട് ജഡ്ജിമാരെ തെരഞ്ഞെടുത്തിരുന്നത്. കാലക്രമേണ ആ രീതിമാറി. കഴിവിനും പ്രാഗല്ഭ്യത്തിനും പകരം രാഷ്ട്രീയ ചായ്വായി മാനദണ്ഡം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കോടതിയാണ് ജനങ്ങളുടെ അവസാന അത്താണി. ജനങ്ങളില്‍ വിശ്വാസത്തകര്‍ച്ച ഉണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമാവും. അതിനാല്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടാന്‍ പാടില്ല. അതിനാവശ്യം സുതാര്യതയാണ്. ന്യായാധിപര്‍ അഴിമതിക്കാരല്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടാവണം. അതിനുതകുന്നതാണ് ഉന്നത നീതിപീഠത്തിന്റെ നടപടി. കീഴ്ക്കോടതികള്‍ ഈ മാതൃക പിന്തുടരുകതന്നെ ചെയ്യും. ഇതുവഴി ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയും. ന്യായാസനം ജനകീയമാവും.

ആര്‍. രാജേന്ദ്രന്‍ (മാധ്യമം ഡെയിലി)

No comments:

Post a Comment