Wednesday, November 11, 2009

യു.എ.ഇയില്‍ പുതിയ എയര്‍ ലൈസന്‍സിംഗ് നിയമം വരുന്നു

ദുബൈ: വിമാന യാത്രക്കാരുടെയും താവളങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇ പുതിയ കര്‍ശന എയര്‍ലൈസന്‍സിംഗ് നിയമം നടപ്പാക്കുന്നു. നിയമം അടുത്ത വര്‍ഷത്തോടെ നിലവില്‍വരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ രാജ്യം കരിമ്പട്ടികയില്‍പെടുത്തിയ വിമാന കമ്പനികളുടെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കും.
30 കമ്പനികള്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കൂടുതല്‍ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തിന്റെ കരട് പ്രത്യേക സാങ്കേതിക കമ്മിറ്റി പരിശോധിച്ചുവരികയാണ്. ഈ പ്രക്രിയ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഒട്ടേറെ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചില എയര്‍ലൈന്‍സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ വ്യോമപരിധി ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ക്കുമേല്‍ നമുക്ക് കൂടുതല്‍ നിയന്ത്രണം സാധ്യമാകും. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്നതിനും വ്യോമമേഖല ഉപയോഗപ്പെടുത്തുന്നതിനുമുള്ള ലൈസന്‍സ് ലഭിക്കുന്നതിന് വിമാന കമ്പനികള്‍ക്ക് കുടുതല്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന വിമാന കമ്പനികളില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുകയാണ് പുതിയ നിയമംകൊണ്ട് ലക്ഷ്യമിടുന്നതെന്നും സുവൈദി വ്യക്തമാക്കി.

സുരക്ഷിതമല്ലെന്ന കാരണത്താല്‍ മറ്റ് പല രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയ ചില വിമാനകമ്പനികള്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് പോയിന്റുകളായി ഉപയോഗിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പുതിയ ലൈസന്‍സിംഗ് നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ ആകാശം 'ശുദ്ധീകരിക്കുന്നതിന്' യു.എ.ഇ സ്വന്തമായി കരിമ്പട്ടിക തയാറാക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയായാലുടന്‍ സുരക്ഷിതമല്ലാത്ത കമ്പനികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മുഹമ്മദ് അല്‍ സുവൈദി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ യു.എ.ഇയുടെ ആകാശത്ത് കടക്കുന്നത്്. ഇത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് രാജ്യം സ്വന്തമായി കരിമ്പട്ടിക തയാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കസാക്കിസ്ഥാന്റെ ഈസ്റ്റ് വിംഗിന് കഴിഞ്ഞ എപ്രില്‍ മുതല്‍ യൂറോപ്യന്‍ കമീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള അറീന അഫ്ഗാന്‍ എയര്‍ലൈന്‍സിന് 2006 മുതലും വിലക്കുണ്ട്. ഉക്രൈന്‍ കാര്‍ഗോ എയര്‍വൈസും കഴിഞ്ഞ ഏപ്രില്‍ മുതല്‍ കരിമ്പട്ടികയിലാണ്. ഇവയില്‍ ചില കമ്പനികള്‍ യു.എ.ഇയിലെ വിമാാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ക്ലിക്ക് എയര്‍വേഴ്സിന് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി യു.എ.ഇയില്‍ പ്രവേശന വിലക്കുണ്ട്.

ഈയിടെ ഷാര്‍ജയില്‍ സുഡാന്‍ എയര്‍വേസിന്റെ ബോയിംഗ് 707കാര്‍ഗോ വിമാനം തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ച സംഭവത്തോടെ ഈ രാജ്യത്തിന്റേതടക്കം സുരക്ഷിതമല്ലാത്ത വിമാന കമ്പനികള്‍ യു.എ.ഇയില്‍ പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

(Madhyamam Daily)

No comments:

Post a Comment