Saturday, August 1, 2009

അടയാതെ കിടന്ന അഭയവാതില്‍

കേരളത്തിലെ ആറു പതിറ്റാണ്ടു കാലത്തെ കേരള രാഷ്ട്രീയ ചരിത്രത്തെ നിര്‍ണായകമാംവിധം സ്വാധീനിച്ച വ്യക്തിത്വമാണ് ശിഹാബ് തങ്ങള്‍. മൂന്നു പതിറ്റാണ്ട് അദ്ദേഹം സംസ്ഥാന ലീഗ് പ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക ശക്തിയെ നയിക്കേണ്ടതിന്റെ ചരിത്രപരമായ നിയോഗമേറ്റെടുത്ത തങ്ങള്‍ ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയരായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായി മാറി. മുസ്ലിം ഐക്യത്തിന്റെ വക്താവായി എന്നും നിലകൊണ്ട ശിഹാബ് എന്നും തന്റെ പ്രിയ പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും കലുഷിതമായ കാലഘട്ടത്തില്‍ മുസ്ലിം രാഷ്ട്രീയത്തെ നയിക്കേണ്ട ചരിത്ര ബാധ്യത അദ്ദേഹം വിമര്‍ശനങ്ങള്‍ക്കിടയിലും സൌമ്യതയോടെ കൈകാര്യം ചെയ്തു.

1975^ലെ ഒരു സന്ധ്യ. മലപ്പുറം കോട്ടപ്പടിയിലെ ബാഫഖി തങ്ങള്‍ നഗറില്‍ മുസ്ലിം ലീഗിന്റെ ജില്ലാ സമ്മേളനം നടക്കുകയാണ്. സുലൈമാന്‍ സേട്ട്, സി.എച്ച്, ബി.വി. അബ്ദുല്ലക്കോയ, ചാക്കീരി അഹമ്മദ്കുട്ടി,കെ.കെ.എസ്. തങ്ങള്‍, അവുക്കാദര്‍കുട്ടി നഹ, സീതിഹാജി, യു.എ. ബീരാന്‍ തുടങ്ങിയ നേതാക്കള്‍ വേദിയിലിരിക്കുന്നു. യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട പാണക്കാട് പൂക്കോയ തങ്ങള്‍ രോഗബാധിതനായി കിടപ്പിലാണ്. വിനയത്തിന്റെയും പാണ്ഡിത്യത്തിന്റെയു നിറകുടമായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ ഭക്തിസാന്ദ്രമായ പ്രാര്‍ഥനക്കു ശേഷം മുസ്ലിം കേരളത്തിന്റെ ശബ്ദവും ശക്തിയുമായിരുന്ന സി.എച്ച് മൈക്കിനടുത്തേക്ക് വന്ന് പ്രഖ്യാപിച്ചു. 'ഈ മഹാസമ്മേളനത്തില്‍ അധ്യക്ഷതവഹിക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളെ ആദരപൂര്‍വം ക്ഷണിക്കുന്നു.'

ദിഗന്തങ്ങള്‍ മുഴങ്ങുന്ന തക്ബീര്‍ ധ്വനികളോടെ, അവിടെ തടിച്ചുകൂടിയ പതിനായിരങ്ങള്‍ ആ പ്രഖ്യാപനത്തെ എതിരേറ്റപ്പോള്‍ മുസ്ലിം കേരളം അതിന്റെ പുതിയൊരു സാരഥിയെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.

പിരമിഡുകള്‍ ഭൂതകാലത്തിന്റെ ചരിത്ര കഥകള്‍ പറയുന്ന നൈലിന്റെ നാട്ടില്‍നിന്ന് ലഭിച്ച വിജ്ഞാനത്തിന്റെ അക്ഷയനിധിയുമായി, എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഒതുങ്ങിക്കഴിഞ്ഞ ഒരു ചെറുപ്പക്കാരനെ സാഹചര്യം, മുസ്ലിംരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചിറക്കുകയായിരുന്നു. കൊടപ്പനക്കല്‍ വീട്ടിലെ ഒരു പഴയ മാളികക്ക് മുകളില്‍ നിറയെ ഗ്രന്ഥങ്ങളും കടലാസുകളും പത്രപ്രസിദ്ധീകരണങ്ങളും കൊണ്ട് നിറഞ്ഞ മുറിയില്‍ പുസ്തകപാരായണം ലഹരിയാക്കി മാറ്റിയ ശിഹാബ് തങ്ങളെ പലവട്ടം കണ്ടിട്ടുണ്ട്.
പ്രസിദ്ധിയോ പ്രസിദ്ധീകരണമോ ഒന്നും ആഗ്രഹിക്കാതെ, എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഒതുങ്ങിക്കഴിയാനാഗ്രഹിച്ച തങ്ങള്‍ക്ക് എന്നും ഇഷ്ടപ്പെട്ട കൂട്ടുകാര്‍ ഗ്രന്ഥങ്ങളായിരുന്നു. ഇപ്പോഴും അറബ് ലോകത്ത് നിന്നെത്തുന്ന പത്രപ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിറഞ്ഞു കിടക്കുന്നു. ഉസ്ബക്ക് റേഡിയോയുടെ പ്രബന്ധമല്‍സരത്തില്‍ സമ്മാനം നേടിയ ശിഹാബാണ് ലൈലാഖാലിദിനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. അക്ഷരങ്ങളുടെ ലോകത്ത് നിന്നുവന്ന ആ മുസ്ലിംലീഗ് അധ്യക്ഷന്‍ സഹൃദയരായ ചെറുപ്പക്കാരുടെയെല്ലാം ആവേശമായത് സ്വാഭാവികം മാത്രം.

മുസ്ലിംലീഗിന്റെ സംസ്ഥാന ഭാരവാഹിത്വം ഒരു പ്രത്യേകഘട്ടത്തില്‍ ഏറ്റെടുക്കാന്‍ ശിഹാബ്തങ്ങളെ സാഹചര്യം നിര്‍ബന്ധിക്കുകയായിരുന്നു. മുസ്ലിംലീഗുമായി അദ്ദേഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിട്ടുണ്ട്. ബീരാന്‍സാഹിബും സീതി ഹാജിയും അബ്ദുല്ലക്കുട്ടി കുരിക്കളുമൊക്കെ ഭാരവാഹികളായ ഏറനാട് താലൂക്ക് മുസ്ലിം ലീഗിന്റെയും മമ്പാട് കോളജ് നടത്തിയിരുന്ന ഏറനാട് മുസ്ലിം എജുക്കേഷനല്‍ അസോസിയേഷന്റെയും പ്രസിഡന്റ്സ്ഥാനം വര്‍ഷങ്ങളോളം വഹിച്ചത് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.

39ാം വയസ്സില്‍ ലീഗ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത മുഹമ്മദലി ശിഹാബ്തങ്ങള്‍ക്ക് ആവേശോജ്വലമായ ഒരു പൈതൃകമുണ്ടായിരുന്നു. അറബ്സാഹിത്യത്തില്‍ കെയ്റോ വാഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്ത തങ്ങള്‍ക്ക് വിശ്വപ്രശസ്തരായ സതീര്‍ഥ്യന്മാരുണ്ട്. മാലി ദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം അടക്കമുള്ളവര്‍ ആ പട്ടികയില്‍ പെടുന്നു.

അല്‍അസ്ഹറിന്റെ പ്രസിദ്ധനായ റെക്ടര്‍ ഡോ. മഹ്മൂദ് ശല്‍തൂത്, ഈജിപ്തിന്റെ ഏറ്റവും പ്രസിദ്ധനായ പ്രസിഡന്റും ഒരു കാലഘട്ടത്തില്‍ അറബികളുടെ ലഹരിയായിരുന്ന ജമാല്‍ അബ്ദുന്നാസിര്‍, അന്ന് ഈജിപ്ഷ്യന്‍ ഇസ്ലാമിക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പില്‍ക്കാലത്ത് ഈജിപ്ത് പ്രസിഡന്റുമായി തീര്‍ന്ന അന്‍വര്‍സാദാത്ത് തുടങ്ങിയവരുമായൊക്കെ ബന്ധപ്പെടാന്‍ വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ ശിഹാബിന് സാധിച്ചു.
കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്കൂളിലെ ബാഡ്മിന്റണ്‍ടീമിലെ കളിക്കാരനായിരുന്നു തങ്ങള്‍ എന്ന കാര്യം പലര്‍ക്കുമറിയില്ല. സംസ്ഥാന കോച്ചായിരുന്ന ഹസന്റെ ശിഷ്യനായിരുന്നു കളിക്കളത്തില്‍ തങ്ങള്‍. കണ്ണഞ്ചേരി തലക്കടത്തൂര്‍, പൊന്മള തുടങ്ങിയ സ്ഥലങ്ങളിലെ പ്രസിദ്ധമായ ദര്‍സുകളില്‍ തങ്ങള്‍ അധ്യയനം നടത്തി. നിഷ്കളങ്കതയുടെ നിറകുടം എന്ന വിശേഷണത്തിന് നൂറുശതമാനം അര്‍ഹനായിരുന്നു ശിഹാബ് തങ്ങള്‍. പൂക്കോയ തങ്ങളുടെ നൈര്‍മല്യവും നിഷ്കളങ്കതയും നിഷ്കപടതയുമൊക്കെ ശിഹാബ് തങ്ങളില്‍ സമഞ്ജസമായി സമ്മേളിച്ചിരുന്നു. പ്രിയ പിതാവ് നിലകൊണ്ട എല്ലാ നല്ല മൂല്യങ്ങളുടെയും ആശയങ്ങളുടെയും പ്രതിരൂപവും കൂടിയായിരുന്നു തങ്ങള്‍.

'ഇല്ല എന്ന വാക്ക് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ശഹാദത്തിലല്ലാതെ. ശഹാദത്ത് ഇല്ലായിരുന്നുവെങ്കില്‍ 'ലാ (ഇല്ല) എന്നദ്ദേഹം ഒരിക്കലും പറയുമായിരുന്നില്ല' എന്ന് ഇമാം സൈനുല്‍ ആബിദിനെക്കുറിച്ച് പ്രശസ്ത അറബികവിയായ ഫറസ്ദഖ് പാടിയ വരികളാണ് ശിഹാബ് തങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത്. 'മന്ദഹസിക്കുമ്പോള്‍ മാത്രമേ അദ്ദേഹം സംസാരിക്കുന്നുള്ളൂ' എന്ന ഫറസ്ദഖിന്റെ വരികളും ശിഹാബ് തങ്ങളെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണ്. 'ഉഗ്ര ശബ്ദം മുഴക്കിയവരല്ല മറിച്ച് വളരെ പതുക്കെ സംസാരിച്ച വ്യക്തികളാണ് ചരിത്രം സൃഷ്ടിച്ചവര്‍' എന്ന് സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞു. വികാരങ്ങള്‍ക്ക് തീ കൊളുത്തുന്ന വാചോടോപങ്ങള്‍ കൊണ്ട് നേതാവായ വ്യക്തിയല്ല ശിഹാബ്തങ്ങള്‍. പിതാവിനെ പോലെ തന്നെ പതുങ്ങിയ സ്വരത്തില്‍ സംസാരിച്ചു കൊണ്ടു തന്നെ ജനാധിപത്യ കേരളത്തിന്റെ ഹൃദയ സിംഹാസനം പിടിച്ചടക്കാന്‍ ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു.
(പാണക്കാട് ശിഹാബ് തങ്ങളുടെ സുഹൃത്തായിരുന്ന റഹീം മേച്ചേരിയുടെ ചില ഓര്‍മകള്‍ ഈ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.)

No comments:

Post a Comment