Saturday, August 1, 2009

വിട


മലപ്പുറം: ഒരു ചെറുപുഞ്ചിരിയുടെ അമരത്തിരുന്ന് സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശവാഹകനായി തലമുറകള്‍ക്കൊപ്പം നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന വഴിവിളക്കണഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യവും മത _സാംസ്കാരിക മണ്ഡലങ്ങളിലെ അതികായനുമായിരുന്ന മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ അന്ത്യം ഇന്നലെ രാത്രി 8.45ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ജാതി മത ഭേദമന്യെ മലയാളക്കരയുടെ ആദരവുകളേറ്റുവാങ്ങിയ പ്രിയനേതാവ് 73ാം വയസ്സിലാണ് ചരിത്രത്തിലേക്ക് വിടവാങ്ങിയത്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് പാണക്കാട് ജുമാമസ്ജിദില്‍ നടക്കും. ഹൃദയസ്തംഭനമാണ് മരണകാരണം. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 3.45നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചുണ്ടിലെ മുറിവിന് സ്റ്റിച്ചിട്ട തങ്ങള്‍ ആശുപത്രിയില്‍ വിശ്രമിത്തിലായിരുന്നു. രാത്രി 8.30ഓടെ ശാരീരിക അസ്വസ്ഥത തോന്നിയ തങ്ങളെ ഉടന്‍തന്നെ ഐ.സി.യുവിലേക്ക് മാറ്റി. 15 മിനിറ്റിനകം മരണം സംഭവിക്കുകയും ചെയ്തു. മയ്യിത്ത് രാത്രി 9.30ഓടെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. മൂന്നരദശകം മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1936 മെയ് നാലിന് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ആയിഷാ ബീവിയുടെ മകനായി ജനനം.

ദര്‍സ് പഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം. തുടര്‍ന്ന് കെയ്റോ സര്‍വകലാശാലയിലെ അറബി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലിസാന്‍സ് ബിരുദം നേടി. അറബി ഭാഷയിലും സാഹിത്യത്തിലും നല്ല അവഗാഹം നേടിയ തങ്ങള്‍ മൂന്നു വര്‍ഷത്തെ സൂഫിസം കോഴ്സും പൂര്‍ത്തിയാക്കി. ഈജിപ്തില്‍ പഠിക്കുമ്പോള്‍ തന്നെ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. ഖലീല്‍ ജിബ്രാന്റെ കഥ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവിന്റെ മരണത്തെതുടര്‍ന്ന് 1975 സെപ്റ്റംബര്‍ ഒന്നിനാണ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തത്.
ഭാര്യമാര്‍: മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ പരേതയായ ശരീഫാഫാത്തിമ ബീവി, ആയിശബീവി. മക്കള്‍: ബഷീറലി ശിഹാബ്തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ശരീഫാ സുഹ്റാബീവി, ശരീഫാ ഫൈറൂസ് ബീവി, ശരീഫാ ശമീറാ ബീവി. മരുമക്കള്‍: നാസര്‍ മശ്ഹൂര്‍ തങ്ങള്‍ കണ്ണൂര്‍ (കുവൈത്ത്) ലുഖ്മാന്‍ തങ്ങള്‍ (കുറ്റിപ്പുറം) യൂസുഫ് ഹൈദ്രോസ് തങ്ങള്‍ (കൊയിലാണ്ടി) ശമീമാ ബീവി (കണ്ണൂര്‍) ഹനിയ്യാ ബീവി (കൊയിലാണ്ടി)

അബ്ദുല്‍ബാഫഖി തങ്ങള്‍, അബ്ദുല്ല ബാഫഖി, ഹംസ ബാഫഖി, ഹുസൈന്‍ ബാഫഖി, ഇബ്രാഹിം ബാഫഖി, അബൂബക്കര്‍ ബാഫഖി, ഉമര്‍ ബാഫഖി (ജിദ്ദ) സുൈല്‍ ആബിദീന്‍ ബാഫഖി (മലേഷ്യ) അലി ബാഫഖി, ഫസന്‍ബാഫഖി, അഹമ്മദ് ബാഫഖി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പരേതനായ ഉമര്‍ ബാഫഖി തങ്ങളുടെ ഭാര്യ ശരീഫാ മുല്ലബീവി, അലി ബാഫഖി തങ്ങളുടെ ഭാര്യ ശരീഫാ ഉമ്മുബീവി, കോഴിക്കോട് വലിയഖാദിയായിരുന്ന മുഹ്സിന്‍ ശിഹാബ് തങ്ങളുടെ ഭാര്യ ശരീഫാ ഖദീജ ബീവി, ശരീഫാ മറിയം ബീവി, ശരീഫാ റുഖിയ ബീവി, ശരീഫാ നഫീസ ബീവി എന്നിവര്‍ സഹോദരങ്ങള്‍.

No comments:

Post a Comment