Sunday, July 19, 2009

മത്സര പരീക്ഷകള്‍ക്ക്‌ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ഇനി ഫീസടയ്‌ക്കേണ്ട

ന്യൂഡല്‍ഹി: ജോലിക്കുവേണ്ടിയുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന്‌ ഫീസ്‌ വാങ്ങേണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍, സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ എന്നിവ നടത്തുന്ന പരീക്ഷകള്‍, നേരിട്ടുള്ള നിയമനത്തിന്‌ നടത്തുന്ന പരീക്ഷകള്‍ എന്നിവയ്‌ക്കാണ്‌ ഫീസ്‌ ഒഴിവാക്കുന്നത്‌.

ജോലിനേടാനുള്ള പരീക്ഷകളില്‍ സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്‌. വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, യു.പി.എസ്‌.സി, സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്ക്‌ സര്‍ക്കാര്‍ ഇതുസംബന്ധിച്ച കത്തയച്ചുവെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

വിവിധ സെലക്ഷന്‍ ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. വിവിധ തസ്‌തികകളിലേക്ക്‌ നടത്തുന്ന നിയമനങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിവിധ മന്ത്രാലയങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ആഗസ്‌ത്‌ 31 നകം സമര്‍പ്പിക്കാനാണ്‌ നിര്‍ദ്ദേശം.

No comments:

Post a Comment