Monday, June 15, 2009

ഇതാണു റിയാലിറ്റി ഷോ


റിയാലിറ്റി ഷോകളില്‍ നമ്മള്‍ കണ്ട കാഴ്ച കളെക്കാള്‍ എരിവേറിയതാണു കാണാത്ത കാഴ്ചകള്‍.നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന രംഗങ്ങള്‍...മെഗാസീരിയലിനെക്കാള്‍കൂടുതല്‍ കണ്ണീര്‍ ഒഴുകുന്ന റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ റൌണ്ട്. സെന്റിമെന്റ്സ് നിറ ഞ്ഞ ഒരുപാട്ടിന്റെ പശ്ചാത്തലത്തില്‍ കൈ വീശി സ്ലോമോഷനില്‍ പുറത്തേക്കു പോവുന്ന മല്‍സരാര്‍ഥി. ഔട്ടായ ആള്‍ക്കു വേണ്ടി വാവിട്ടു കരയുന്നു ജഡ്ജസും ബാക്കി യുള്ള മല്‍സരാര്‍ഥികളും.

കോടികള്‍ വിലമതിക്കുന്ന സമ്മാനം നഷ്ടമായതിലും സങ്കടം സ്നേഹസമ്പന്ന രായ കൂട്ടുകാരെ പിരിയുന്നതിലാണെന്ന് ഔട്ടായ ആള്‍. ഔട്ട് ആയ ആള്‍ക്കു പകരം തനിക്കു പുറത്തു പോവാന്‍ റിയാലിറ്റി ഷോ ഭരണഘടനയില്‍ നിയമം വല്ലതുമുണ്ടോ യെന്നു ചോദിക്കുന്നു. ഇന്‍ ആയ ആള്‍. അച്ഛനുമമ്മയും കഴിഞ്ഞാല്‍ ലോകത്തു കടപ്പാട് ജഡ്ജസിനുനോടു മാത്രമാണെന്ന് ഔട്ടായവരും ഇന്‍ ആയവരും ഒരേ സ്വരത്തില്‍. മല്‍സരാര്‍ഥിയെ കടിച്ചുതിന്നാന്‍ തോന്നുന്നെന്നും, ഐ ലവ് യു എന്നും പറഞ്ഞു സ്നേഹിക്കുന്നു ചില ജഡ്ജസ്.

സമ്മാനം കിട്ടിയവരും കിട്ടാത്തവരും, ഒരു ദിവസത്തിന് ഒരു ലക്ഷം രൂപ വരെ പ്രതിഫലം പറ്റുന്ന ജഡ്ജസുമെല്ലാം ഹാപ്പി. ഓരോ എലിമിനേഷന് റൌണ്ടിനും മുമ്പും ലക്ഷങ്ങള്‍ എസ് എം എസ് വരുമാനം ഉണ്ടാക്കുന്ന ചാനലിനു സന്തോഷത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാര്‍ക്ക്. നമ്മള്‍ കാണാത്ത ചില എപ്പിസോഡുകള്‍, ലൈവായി.

നിബന്ധനകള്‍ തീരുന്നില്ല .
കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചിരുന്ന രാത്രിയായിരുന്നു

അത്. പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ട പാട്ടിന്റെ റിയാലിറ്റിഷോ. സിനിമാനടനാവാന്‍ പോലും യോഗ്യതയുള്ള സുന്ദരനായ മല്‍സരാര്‍ഥി എലിമിനേഷന്‍ റൌണ്ടില്‍ പങ്കെടുക്കാനെത്തിയില്ല. വരാത്തവരെ വിജയിപ്പിക്കാന്‍ ജഡ്ജസിനോ മാനേജ്മെന്റിനോ വകുപ്പില്ലെന്ന് അവതാരക സുന്ദരി മംഗീഷില്‍ പറഞ്ഞു. അതുവരെ കെട്ടിപ്പിടിച്ചവര്‍, മോനേ എന്നു വിളിച്ചവര്‍, ആ നിമിഷം തന്നെ സുന്ദരനെ മറന്നു. അപ്പോഴും പ്രേക്ഷകര്‍ ചിന്തിച്ചു കാണാതായ ആ പാര്‍ട്ടിസിപ്പെന്‍റിനെപ്പറ്റിയാണ്. ഒരു കോടിരൂപയുടെ ഫ്ളാറ്റ് നല്‍കുന്ന പ്രോഗ്രാമിന്റെ എലിമിനേഷന്‍ റൌണ്ടില്‍ വരാതിരിക്കാനും മാത്രം എന്തു പ്രശ്നമാണുള്ളത്? അവനെ എതിരാളികള്‍ തട്ടിക്കൊണ്ടു പോയതാണോ? അതോ സംഗതി പോരെന്ന ജഡ്ജസിന്റെ കമന്റുകള്‍ ഭയന്നു പയ്യന്‍ നാടുവിട്ടതാണോ? പ്രേക്ഷകന്റെ ചോദ്യത്തിനുള്ള ശരിയുത്തരം ഇതാണ്,

പന്ത്രണ്ടാം റൌണ്ടില്‍ ചാനല്‍ പുതിയൊരു നിബന്ധനയുമായി വന്നപ്പോഴാണു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഒരു വര്‍ഷത്തേക്കു ചാനലിന്റെ അനുമതിയില്ലാതെ മറ്റേതെങ്കിലും ചാനലിന്റെയോ സിനിമയുടേയോ എന്തിനു കല്യാണക്യാമറായുടെയോ മുന്നില്‍ പോലുമോ പെട്ടുപോവരുത്. ചാനലിന്റെ അനുമതിയില്ലാതെ പൊതുപരിപാടികളില്‍ പാടിയാലും വിവരം അറിയും (കുളിമുറിയില്‍ നില്‍ക്കുമ്പോള്‍ പാടണമെന്നു തോന്നിയാല്‍ ചാനലിനെ വിളിച്ച് അനുമതി തേടണോ വേണ്ടയോ എന്നു മാത്രം നിബന്ധനയില്‍ പറയുന്നില്ല.)

ഒരു കോടി രൂപയുടെ ഫ്ളാറ്റ് കിട്ടിയാല്‍ പിന്നെ പാടുന്നതെന്തിന് എന്നു ചിന്തിച്ചിട്ടോ അതോ ചാനലിനെ പേടിച്ചിട്ടോ എല്ലാവരും ഒപ്പിട്ടു. ജോലി രാജിവച്ചു പാട്ടുകാരനാകാന്‍ ഇറങ്ങിത്തിരിച്ച സുന്ദരന്‍ മാത്രം കട്ടായം പറഞ്ഞു, ഈ നിബന്ധനയില്‍ ഒപ്പിടില്ലെന്ന്. പാടാതെ എനിക്കു ജീവിക്കാനാവില്ലെന്ന്. എങ്കില്‍ എസ്എംഎസ് പോര എന്നു പറഞ്ഞു. മോനെ പുറത്താക്കുമെന്നു ചാനല്‍. അതിലും ഭേദം പങ്കെടുത്താതെ അന്തസായി പുറത്താവുന്നതാണെന്നു മനസിലാക്കി പയ്യന്‍ സ്വയം എലിമിനേറ്റ് ചെയ്തു. (അവതാരകയ്ക്കു) സെന്റിമെന്റ്സ് പറഞ്ഞു പയ്യനെ കരയിക്കാനൊത്തില്ല. ക്യാമറാമാനു കണ്ണീര്‍ വിഷ്വലുകളും നഷ്ടമായി).

പ്രോഗ്രാം ഹിറ്റായിത്തുടങ്ങുമ്പോഴാണു പുതിയ നിബന്ധനകളുമായി ചാനല്‍ മല്‍സരാര്‍ഥികളെ വരിഞ്ഞുമുറുക്കുക. ചിലരോട് ചാനലിനു സ്നേഹക്കൂടുതലുണ്ടാവുന്നതും ഈ ഘട്ടത്തിലാണ്. ചാനലിനോടു ജീവിതകാലം മുഴുവന്‍ വിധേയത്വം കാട്ടുമെന്ന് ഉറപ്പുള്ളവരോടും സമ്പന്നരായ മല്‍സരാര്‍ഥികളോടും സ്നേഹം കൂടും.

ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒരു വര്‍ഷത്തേക്കാളും കുട്ടികള്‍ക്കു നല്ല ഓഫറുകള്‍ വരിക. സ്റ്റേഡ്ഷോകളും വിദേശയാത്രകളുമൊക്കെയായി പണം വരാവുന്ന സമയം. ഈ വിലപിടിച്ച സമയത്ത് എല്ലാ ഇടപാടുകളും ചാനല്‍ വഴി മാത്രം. ചാനലിനെ വെറുപ്പിച്ചാല്‍ ഉള്ള അവസരം കൂടി നഷ്ടപ്പെട്ടാലോ എന്നു ഭയന്നു കുട്ടികള്‍ ഏതു നിബന്ധനയ്ക്കും തലകുലുക്കുകയും ചെയ്യും.

കുട്ടി ഡാന്‍സ് വിസ്മയമാവാന്‍ മല്‍സരിച്ച തിരുവനന്തപുരത്തെ ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്കു മാസങ്ങള്‍ക്കു മുമ്പ് വക്കീല്‍നോട്ടീസ് എത്തി. ചാനലിന്റെ നിയമം തെറ്റിച്ച് മറ്റൊരു ചാനലില്‍ പ്രത്യക്ഷപ്പെട്ടതാണു കുറ്റം. സംഗതി സത്യം. നര്‍ത്തകിയായി പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചെങ്കിലും എസ്എംഎസ് ഇല്ല എന്ന കാരണം പറഞ്ഞു പിന്തള്ളപ്പെട്ട കൊച്ചുമിടുക്കിയെത്തേടി അവസരങ്ങളുടെ പെരുമഴയായിരുന്നു. സീരിയലില്‍ അഭിനയിച്ചു കുട്ടി പണം വാരിക്കൂട്ടുകയാണ്. എട്ടു ലക്ഷം രൂപയോളമാണു കുട്ടിയെ റിയാലിറ്റിഷോയില്‍ പങ്കെടുപ്പിക്കാന്‍ മുത്തശ്ശന്‍ ചെലവാക്കിയത്.

കുട്ടി സീരിയലില്‍ അഭിനയിച്ചു മുത്തശ്ശനു മൂന്നുലക്ഷം രൂപ തിരിച്ചു കൊടുത്തപ്പോഴാണു ഭീഷണിയായി വക്കീല്‍നോട്ടീസിന്റെ വരവ്. ഇത്തിരിപ്പോന്നൊരു കുട്ടിക്കെതിരെയാണ് നിയമയുദ്ധം. വക്കീലുമായി ആലോചിച്ച് അവര്‍ മറുപടി നല്‍കി. ഞങ്ങള്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, അതു മറ്റൊരു ചാനല്‍ നിര്‍മിക്കുന്ന സീരിയല്‍ അല്ല. ഒരു സ്വകാര്യ കമ്പനി നിര്‍മിക്കുന്ന സീരിയലാണ്.

ഇപ്പോള്‍ പെണ്‍കുട്ടിക്കു താരമൂല്യം കൂടിയപ്പോള്‍ ചാനല്‍ പണ്ട് ഒന്നാം സ്ഥാനം നല്‍കാതിരുന്നതും വക്കീല്‍ നോട്ടീസ് അയച്ചതുമെല്ലാം മറക്കണമെന്നു പറഞ്ഞു പിറകേ കൂടിയിട്ടുണ്ട്. ചാനല്‍ പല പ്രദേശങ്ങളിലും നടത്തുന്ന സ്റ്റേജ്ഷോകളില്‍ ഈ കൊച്ചുമിടുക്കിയുടെ ഡാന്‍സ് ഇപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഐറ്റമാണ്.

പൊലീസ് വിജയിച്ച ഗ്രാന്‍ഡ് ഫിനാലെ
അര്‍ഹതയുണ്ടായിട്ടും സമ്മാനം നഷ്ടപ്പെടുമ്പോള്‍ പൊട്ടിത്തെറിക്കുന്ന പാര്‍ട്ടിസിപ്പ ന്‍സിന്റെ രോഷപ്രകടനങ്ങള്‍ എഡിറ്റ് ചെയ്യാതെ കേള്‍ക്കാം.കേരളത്തിലെ ഏറ്റവും കഴിവുള്ള വനിതയെത്തേടിയുള്ള ഷോയില്‍ നൃത്തവും മോണോആക്ടും പാട്ടുമെല്ലാമായിരുന്നു മല്‍സരയിനമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. വാക്പയറ്റും, കയ്യേറ്റവുമെല്ലാമുണ്ടായിരുന്നു മല്‍സരത്തിന്റെ ഭാഗമായി. പക്ഷേ, ഗ്രാന്‍ഡ് ഫിനാലേയ്ക്കു നേരിട്ടെത്തിയവര്‍ക്കു മാത്രമേ ഇതെല്ലാം കാണാന്‍ ഭാഗ്യമുണ്ടായുള്ളൂ.

ആദ്യവര്‍ഷത്തെ ഗ്രാന്‍ഡ് ഫിനാലെയില്‍ സംഘര്‍ഷമുണ്ടായതിന്റെ അനുഭവത്തില്‍ നിന്നു പാഠം പഠിച്ച അധികൃതര്‍ രണ്ടാം വര്‍ഷം പൊലീസ് ബന്തോവസ് ഉറപ്പാക്കിയിരുന്നു. അതുകൊണ്ടു മാത്രം ബോക്സിങ് നടന്നില്ല.ഈ ഷോയ്ക്കു ചരിത്രത്തില്‍ മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. കേരളത്തില്‍ ആശുപത്രിയിലെത്തിയ ആദ്യ റിയാലിറ്റി ഷോ പാര്‍ട്ടിസിപ്പെന്‍റിനെ സംഭാവന ചെയ്തത് ഈ ഷോയാണ്. പ്രോഗ്രാമിനിടയില്‍ ഒരു മല്‍സരാര്‍ഥി ബോധം കെട്ടു വീണു. ഞാനെങ്ങാനും ഔട്ടായാലോ എന്ന ടെന്‍ഷന്‍ തന്നെ കാരണം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അതീവരഹസ്യമായി ചികില്‍സിച്ചു. എല്ലാ മല്‍സരാര്‍ഥികളും ആശുപത്രിയില്‍ ഓറഞ്ചും വാങ്ങിച്ചെന്നു.

സെമിഫൈനല്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. സെമിയില്‍ ആദ്യമേ രണ്ടുപേര്‍ ഇന്‍ ആയി. ഇനി ഒരാളെക്കൂടി സഹിച്ചാല്‍ മതിയെന്നു സമാധാനിച്ചിരിക്കുമ്പോഴാണ് മൂന്നും നാലും സ്ഥാനത്തെത്തിയവരെക്കൂടി ഫൈനലിലേക്കു കടത്തിവിട്ടത്. ഫൈനലില്‍ എസ്എംഎസും മാര്‍ക്കും ചേര്‍ന്നാണ് വിധി നിര്‍ണയിക്കുന്നതെന്നായിരുന്നു ഫൈനലിന്റെ തലേന്നു വരെ മല്‍സരാര്‍ഥികളോടു പറഞ്ഞിരുന്നത്. അവസാന നിമിഷം ചാനല്‍ നിലപാടു മാറ്റി. മാര്‍ക്കിടീലൊന്നുമില്ല. പത്തുലക്ഷം രൂപയുടെ ഒന്നാം സമ്മാനം കിട്ടണമെങ്കില്‍ കാശ് മുടക്കി എസ്എംഎസും അയക്കണം. ജഡ്ജസും സെലിബ്രിറ്റി ജഡ്ജസുമെല്ലാം വെറും കാഴ്ചക്കാര്‍.

ആദ്യമേ ഫൈനലില്‍ കടന്ന രണ്ടു രത്നങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ ഇതു ചോദ്യം ചെയ്തു. അതിന്റെ ഫലം അവരറിയുകയും ചെയ്തു. വീട്ടിലെത്തി ടിവി വച്ചപ്പോഴേക്കും തങ്ങളുടെ എസ് എം എസ് ശതമാനം കുത്തനെ താഴോട്ട്.

ചാനലിനു പേടിയായി. നാളെ ഏതെങ്കിലും മല്‍സരാര്‍ഥി വിളിച്ചുപറയുമോ ഈ റിയാലിറ്റിഷോ വെറും പറ്റിക്കലാണ്. ആരും ഇനിയെങ്കിലും എസ്എംഎസ് അയച്ച് മൂന്നു രൂപ കളയരുത് എന്ന്. ആരുടെയോ തലയില്‍ ബുദ്ധിയുദിച്ചു, നമുക്കു മന്ത്രിമാര്‍ ചൊല്ലുമ്പോലെ എല്ലാ ഫൈനലിസ്റ്റുകളെയും കൊണ്ടു സത്യവാചകം ചൊല്ലിക്കാം. അങ്ങനെ സത്യവാചകം എഴുതിയുണ്ടാക്കി. ഇത്രയും സത്യസന്ധമായി നടത്തുന്ന റിയാലിറ്റിഷോ ലോകത്തു വേറെയില്ലെന്നും, എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഷോയില്‍ പങ്കെടുക്കണമെന്നും, പങ്കെടുത്തില്ലെങ്കിലും മുടങ്ങാതെ എസ്എംഎസ് അയക്കണമെന്നും മല്‍സരാര്‍ഥികള്‍ ആണയിട്ടു.

മല്‍സരിക്കേണ്ട വീട്ടമ്മമാര്‍ വരെ റിഹേഴ്സല്‍ നടത്താതെ ഫൈനലിന്റെ അന്നു എസ്എംഎസ് അയച്ചുകൊണ്ടിരുന്നു. അവര്‍ ദൈവത്തോടും പ്രാര്‍ഥിച്ചു. ദൈവമേ രക്ഷിക്കണേ. എതിരാളിക്കു വരുന്ന എസ്എംഎസുകള്‍ തടയേണമെ. കയ്യിലൊരു മൊബൈലുണ്ടെങ്കില്‍ എസ്എംഎസ് അയയ്ക്കാന്‍ മറക്കല്ലേ. എസ്എംഎസ് അയയ്ക്കേണ്ട ഫോര്‍മാറ്റ്....

ഒടുവില്‍ കേരളം കാത്തുകാത്തിരുന്ന ഗ്രാന്‍ഫിനാലേ ദിവസമെത്തി. വിധി വന്നപ്പോള്‍ ചാനലിനോട് ഉടക്കിയ രണ്ടുപേരും മൂന്നാം രത്നവും നാലാം രത്നവുമായി. മൂന്നാംസ്ഥാനക്കാരി സമ്മാനത്തുക വാങ്ങാതെ ഇറങ്ങിപ്പോന്നു. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഒരാളുടെ ഭര്‍ത്താവിനേയും അച്ഛനേയും പൊലീസ് പൊക്കി. ഈ രത്നങ്ങള്‍ ഇനി വരാനിരിക്കുന്ന എല്ലാ റിയാലിറ്റിഷോ മത്സരാഥികള്‍ക്കായി ഒരു ഗുണപാഠം നല്‍കുന്നു. ചാനലിനോട് ഉടക്കിയാല്‍ എസ്എംഎസ് വരില്ല. ചാനലിനും കിട്ടി ഒരു ഗുണപാഠം. വനിതകളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

പണത്തിനു മീതെ എസ്എംഎസും പറക്കില ്ല
സ്വന്തം കുട്ടിയെ വിജയിപ്പിക്കാന്‍ ലക്ഷങ്ങളൊഴുക്കുന്ന അച്ഛനമ്മമാരെ പരിചയപ്പെടാം.കമ്പനികളിലേയക്കു നിരനിരയായി പെണ്‍കുട്ടികള്‍ പോവുന്നതുപോലെ ഏതെങ്കിലും വീട്ടിലേയ്ക്കു കുറേ പെണ്‍കുട്ടികള്‍ കയറിപ്പോവുന്നുണ്ടെങ്കില്‍ സംശയിക്കണം. അതൊരു റിയാലിറ്റിഷോ മത്സരാര്‍ഥിയുടെ വീടാവാന്‍ സാധ്യതയുണ്ട്. അവിടെ എല്ലാം വളരെ പ്രഫഷണലാണ്. ദിവസ ശമ്പളവും വാങ്ങി സൊറ പറഞ്ഞിരിക്കാമെന്ന് ആരും കരുതേണ്ട. സെക്കഡ് ഐറ്റമില്‍ നോക്കിയാണു കൂലി നിശ്ചയിക്കുന്നത്. ഓരോരുത്തരും എത്ര എസ്എംഎസ് അയച്ചുവെന്നതിനെ ആശ്രയിച്ചിരിക്കും അന്നത്തെ കൂലിയും.

ഒരു നമ്പറില്‍ നിന്ന് ഒരു മിനിറ്റില്‍ ഒരു എസ്എംഎസേ എടുക്കൂ എന്നാണു ചാനലിന്റെ നിയമം. അപ്പോള്‍ ഒരാള്‍ എസ്എംഎസ് അയച്ചു കഴിയുമ്പോഴേക്കും അടുത്തയാള്‍ അയയ്ക്കണം. അങ്ങനെ മാറിമാറി ഫൈനലിനു മാത്രം രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപയ്ക്ക് എസ്എംഎസ് അയച്ച ഒരു മുത്തശ്ശന്റെ സങ്കടം കേള്‍ക്കാം. ഞാന്‍ അയച്ച എസ്എംഎസും ചാനല്‍ കാണുക്കുന്ന കണക്കും തമ്മില്‍ വ്യത്യാസം. ചാനലില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ബാംഗൂരിലെ ഒരു സ്വകാര്യ കമ്പനിയാണ് എസ്എംഎസ് എണ്ണുന്നതെന്ന്. അവിടെ വിളിച്ചപ്പോള്‍ അവര്‍ നിസാരകാര്യം പോലെ പറഞ്ഞു. നിങ്ങളുടെ സര്‍വര്‍ കേടായതുകൊണ്ടു സംഭവിച്ച പിഴവാണ്. സോറി എന്ന്. ഞാന്‍ തകര്‍ന്നു പോയി.

റിയാലിറ്റിഷോയില്‍ എസ് എം എസിനു തന്നെയാണ് ഏറ്റവും വില. ഓരോ എസ്എംഎസിനും പ്രേക്ഷകര്‍ നല്‍കുന്ന പണത്തിന്റെ ഒരു വിഹിതം ചാനലിനുള്ളതാണ്. കൂടുതല്‍ എസ്എംഎസ് ലഭിക്കാന്‍ സാധ്യതയുള്ള മല്‍സരാര്‍ഥികളെ വളര്‍ത്തുന്നതുമതുകൊണ്ടാണ്. ശാരീരിക വൈകല്യം, എസ്എംഎസ് വീഴിക്കുന്ന സംഗതിയാണെന്നാണു കണ്ടെത്തല്‍. ചാനലിന്റെ കണക്കു പ്രകാരം മിഡില്‍ക്ളാസിനാണു പിശുക്ക് കൂടുതല്‍. അവര്‍ അങ്ങനൊന്നും എസ്എംഎസ് വിട്ടുകളിക്കില്ല. സമ്പന്നരും താഴെത്തട്ടിലുള്ളവരുമാണ് എസ്എംഎസ് അയച്ചു ചാനലിനു കൂടുതല്‍ വരുമാനം നല്‍കുന്നത്.

തോറ്റു വീട്ടിലിരിപ്പായ മല്‍സരാര്‍ഥിക്കു വേണ്ടിയാവും പലപ്പോഴും നമ്മള്‍ എസ്എംഎസ് അയയ്ക്കുന്നത്. ഭാവി ഗന്ധര്‍വനെ കണ്ടെത്താനുള്ള മത്സരത്തിന്റെ എലിമിനേഷന്‍ റൌണ്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് ചാനലിനു വെളിപാടുണ്ടാവുന്നത്, പ്രോഗ്രാം വലിച്ചുനീട്ടാം. പുറത്തായ ആളെ വീണ്ടും വിളിപ്പിച്ചു മൂന്നു റൌണ്ട് ഷൂട്ട് ചെയ്തു. വലിച്ചുനീട്ടി മതിയായപ്പോള്‍ പഴയ എലിമിനേഷന്‍ റൌണ്ട് കാണിച്ചു. ഇതൊന്നുമറിയാതെ പാവം പ്രേക്ഷകര്‍ പുറത്തായ ആള്‍ക്കു വേണ്ടി എസ്എംഎസ് അയച്ചുകൊണ്ടേയിരുന്നു.

ജഡ്ജസും ടെന്‍ഷനിലാണ്
പ്രേക്ഷകര്‍ക്കു ബോറടിക്കുമ്പോള്‍ ജഡ്ജസ് ഔട്ടാവുന്നതും ഇന്‍ ആവാന്‍ കഷ്ടപ്പെടുന്നതും കാണാം.നല്ല പാട്ടുകാരനെത്തേടുന്ന ഒരു ഷോ. പതിവിനു വിപരീതമായി ഇവിടെ കുട്ടികളെല്ലാം വലിയ സ്നേഹത്തിലാണ്. എല്ലാ ഷോയും പോലെ സമ്മാനം പ്രഖ്യാപിച്ചപ്പോഴും അവര്‍ അടിച്ചു പിരിഞ്ഞില്ല. പ”ക്ഷേ, രണ്ടു ജഡ്ജസ് തമ്മില്‍ കണ്ടാല്‍ മിണ്ടില്ല. രണ്ടു യുവ സംഗീത സംവിധായകര്‍ തമ്മില്‍ ഏതു സമയവും അഭിപ്രായവ്യത്യാസങ്ങളായി. ഒടുവില്‍ ചാനലിന്റെ തലപ്പത്തിരിക്കുന്നയാള്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു രണ്ടു മക്കളോടും ഒന്നിച്ചു പോകണമെന്ന് ഉപദേശിക്കുകയായിരുന്നു.

എന്തുകൊണ്ട് ജഡ്സിനിടയിലെ ഈ തമ്മില്‍തല്ല്. ഇന്‍ ആവുമോ ഔട്ടാവുമോ എന്നറിയാന്‍ കാത്തുനില്‍ക്കുന്ന കുട്ടികളെപ്പോലെ അവരും ടെന്‍ഷനിലാണ്. ഒരു ജഡ്ജ് പറഞ്ഞ ഫലിതം. കുട്ടികള്‍ക്കുറപ്പിക്കാം. എലിമിനേഷന്‍ റൌണ്ടിലേ അവര്‍ ഔട്ടാവു എന്ന്. ഞങ്ങള്‍ ജഡ്ജസ് ഏത് എപ്പിസോഡിലും പുറത്താവാം.

ദിവസം ഒരുലക്ഷം രൂപവരെ പ്രതിഫലമുണ്ട് ജഡ്ജസിന്. സെലിബ്രറ്റി ജഡ്ജിന് 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെ കിട്ടും. തൊണ്ട പൊട്ടി പാടേണ്ട. നല്ല പാട്ടുണ്ടാക്കേണ്ട കുട്ടികളുടെ പാട്ടിന്റെ കുറ്റം പറഞ്ഞാല്‍മതി. സുഖമുള്ള ജോലി എന്ന് പുറത്തു നില്‍ക്കുന്നവര്‍ക്ക് തോന്നാം. പക്ഷേ, റേറ്റിങ് താഴോട്ടു വീണാല്‍ പഴി ജഡ്ജസിനാണ്. നാടകീയത പോര എന്നു പറഞ്ഞ് ചാനല്‍ ജഡ്ജസിന്റെ മാര്‍ക്ക് കുറയ്ക്കും. പുതിയ ജഡ്ജിനെ തപ്പിയിറങ്ങുകയായി. കുട്ടികളെ ചീത്ത പറയാനും,റൊമാന്റിക്കാവാനും എളുപ്പം കരയാനും കഴിയുന്നവര്‍ക്കു മുന്‍ഗണന.


പ്രിയ സുഖില്‍
വനിതാരത്നം ഫൈനലിസ്റ്റ് സമ്മാനത്തുക വാങ്ങാതെ വേദി വിട്ടു.ലക്ഷങ്ങള്‍ മുടക്കി ഷോയില്‍ പങ്കെടുത്തിട്ടു സമ്മാനം വേണ്ടെന്നു വച്ച് ഇറങ്ങിപ്പോരാന്‍ പ്രേരിപ്പിച്ച സംഭവമെന്ത്?

എസ്എംഎസ് വിധി നിര്‍ണയം ചാനലിന്റെ ആസൂത്രിതമായ തട്ടിപ്പായിരുന്നു. പ്രോഗ്രാം പ്രൊഡ്യൂസറും ജഡ്ജസും നോക്കുകുത്തികളായി പ്രേക്ഷകരുടെ മുന്നില്‍ ഞെളിഞ്ഞി രിക്കുകയും അര്‍ഹിച്ച സമ്മാനം നിഷേധിക്കപ്പെടുകയും ചെയ്തപ്പോള്‍ അതിനെ ചോദ്യം ചെയ്യേണ്ടി വന്നു. സെമിഫൈനലില്‍ പുറത്താകേണ്ടിയിരുന്നവരെ ചാനലിന്റെ പ്രത്യേക തീരുമാനപ്രകാരം ഫൈനലിലേയ്ക്ക് ഉള്‍പ്പെടുത്തി. അവര്‍ തന്നെ സമ്മാനവും നേടി.

വനിതാരത്നം രണ്ടാം റണ്ണര്‍ അപ്പ് സ്ഥാനം ഞാന്‍ വിലകുറച്ചു കാണുന്നില്ല. സമ്മാന ത്തുകയായ മൂന്നുലക്ഷം രൂപയെയും. ചാനലിന്റെ തട്ടിപ്പിനെ ചോദ്യം ചെയ്ത എന്റെ ഭര്‍ത്താവിനെയും കുടുംബത്തിനെയും ചാനല്‍ പ്രവര്‍ത്തകര്‍ പൊലീസ് സഹായത്തോ ടെ സ്റ്റേജിനു വെളിയില്‍ ആക്കിയെന്നറിഞ്ഞപ്പോഴുണ്ടായ മാനസികസംഘര്‍ഷം കാരണമാണു സമ്മാനദാനത്തില്‍ പങ്കെടുക്കാതിരുന്നത്.എനിക്കു വനിതാരത്നത്തെക്കാ ള്‍ വലുതും വിലപ്പെട്ടതും എന്റെ കുടുംബമാണ്. അവര്‍ സ്റ്റേജിലില്ലാതെ എങ്ങനെ സമ്മാനം വാങ്ങും. ഈ തട്ടിപ്പിന്റെ ഭാഗമാവേണ്ടിവന്നതില്‍ എനിക്കും കുടുംബത്തിനു മുണ്ടായ മാനസികസംഘര്‍ഷം പറഞ്ഞറിയിക്കാനാവില്ല.

വിധുപ്രതാപ്
ആദ്യറിയാലിറ്റി ഷോയായ വോയിസ് ഓഫ് ദി ഇയറിലെ വിജയി. പിന്നണിഗായകന്‍.
റിയാലിറ്റി ഷോകളിലെ വിജയികളില്‍ പലരും എവിടെയാണെന്നു പേലും അറിയില്ല. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

ഞാന്‍ വോയിസ് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും നല്ല ഗായകനാവ ണമെന്ന ആത്മാര്‍ഥമായ ആഗ്രഹവുമായി മുന്നോട്ടു പോവുകയായിരുന്നു. സംഗീത സംവിധായകന്‍ ശരത്തേട്ടനെ വിളിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ അദ്ദേഹത്തിന്റെ പാട്ടുകളാണു പാടിയത്. നേരില്‍ കാണണമെന്നുണ്ട് എന്നു പറഞ്ഞു. അദ്ദേഹം ചെന്നൈയ്ക്കു ക്ഷണിച്ചു. എന്നെ പിന്നണിഗായകനാക്കിയ ദേവദാസി എന്ന സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. റിയാലിറ്റി ഷോയിലെ കിരീടത്തോടെ എല്ലാമായി എന്ന മട്ടിലിരിക്കരുത്. നമ്മുടെ ശ്രമം തുടരണം.

റിയാലിറ്റിഷോകള്‍ ഒരു നല്ല പ്ളാറ്റ്ഫോമാണ്. അതു നന്നായി ഉപയോഗിക്കണമെന്നു മാത്രം. ജഡ്ജസ് പറയുന്ന കുറ്റങ്ങള്‍ നല്ല രീതിയില്‍ എടുക്കണം. റിയാലിറ്റി ഷോയി ലൂടെ കിട്ടുന്ന പ്രശസ്തി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതു പ്രധാനമാണ്. റിയാലിറ്റി ഷോ നല്‍കുന്ന സമ്മാനം ഒരുതരത്തിലും മാറ്റാതെ നോക്കണം. രക്ഷിതാ ക്കള്‍ക്ക് കുട്ടികളെ നന്നായി ഗൈഡ് ചെയ്യണം.

ഡോ. ടൈറ്റസ് ശങ്കരമംഗലം
മുന്‍ സീനിയര്‍ മെഡിക്കല്‍ ഡോക്ടര്‍ ഷംബര്‍ജെ, കുവൈത്ത്.
കുട്ടികളെ റിയാലിറ്റിഷോയുടെ സമ്മര്‍ദം എങ്ങനെ ബാധിക്കും?
കുട്ടികളുടെ കഴിവു കാണിക്കാന്‍ നല്ല പ്ളാറ്റ്ഫോമാണ് റിയാലിറ്റിഷോകള്‍. പക്ഷേ, മല്‍സരത്തിന്റെ തീവ്രതയും മോഹിപ്പിക്കുന്ന സമ്മാനവും കുട്ടികളില്‍ ഉണ്ടാക്കുന്ന സ്ട്രെസ് വളരെ കൂടുതലാണ്.

കുട്ടികള്‍ക്കു ചെറുപ്പത്തിലേ ഇത്ര വലിയ ഗാമര്‍ കിട്ടുന്നതു നല്ലതല്ല. ഇത്രയും വലിയ ഒരു ഷോയിലെ പരാജയം കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. കുട്ടിക്കു തന്നെപ്പറ്റിയുള്ള മതിപ്പു തന്നെ നഷ്ടപ്പെടാം. മറ്റു കഴിവുകള്‍ വികസിച്ചുവരാതെ നഷ്ടപ്പെട്ടു പോകുവാനും സാധ്യതയുണ്ട്. ഒരു എപ്പിസോഡില്‍ പുറത്തായ കുട്ടിയോടു വിഷമമുണ്ടോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. എനിക്കു വിഷമമില്ല. പ”ക്ഷേ, അച്ഛനും അമ്മയും എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. കുട്ടിയുടെ സമ്മര്‍ദമാണതു കാണിക്കുന്നത്. ഇത്രയും വലിയ സമ്മര്‍ദത്തെ നേരിടാനും, പെര്‍ഫോമന്‍സ് മികച്ചതാവാനും മരുന്നുകള്‍ നല്‍കാന്‍ പോലും സാധ്യതയുണ്ട്.

ഒമര്‍ ഹസന്‍
ലിറ്റില്‍ മാസ്റ്റേഴ്സ് ഫൈനലിസ്റ്റ് ചാനലിനെതിരെ പരാതിയുമായി നീങ്ങിയ ആദ്യ മല്‍സരാര്‍ഥി.
എന്തുകൊണ്ടു ചാനലിനെതിരെ പരാതിപ്പെടേണ്ടി വന്നു?
ഏറ്റവും കൂടുതല്‍ എസ് എം എസ് ലഭിച്ചിട്ടും സമ്മാനം കിട്ടാത്തതുകൊണ്ടാണു പരാതിപ്പെടേണ്ടി വന്നത്. ഫൈനല്‍ കഴിഞ്ഞപ്പോള്‍ ജഡ്ജസ് പറഞ്ഞത്, മല്‍സരം കഴിഞ്ഞു. എസ് എം എസ് നോക്കിയാവും ഇനി വിധി നിര്‍ണയിക്കുക എന്നാണ്. കുട്ടികള്‍ വെറുതേ പാടേണ്ടി വരും എന്നും പറഞ്ഞു. പിന്നീടറിയിക്കുന്നു മെഗാഫൈനല്‍ ഉണ്ട് എന്ന്. മെഗാഫൈനലിന്റെ വിജയി ആരെന്നു മല്‍സരം തുടങ്ങും മുമ്പേ തീരുമാനിക്കപ്പെട്ടിരുന്നു.

കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തു വന്നു താമസിച്ചതിന്റെ ചെലവു തന്നിട്ടില്ല. ചാനല്‍ ആവശ്യപ്പെട്ട പ്രകാരം തയാറാക്കി അയച്ച പ്രൊഫൈലിന്റെ ചെലവു പോലും തരാന്‍ കഴിയില്ല എന്നു പറഞ്ഞു. ശിശുക്ഷേമ മന്ത്രാലയത്തിനു പരാതി നല്‍കിയിട്ടു ണ്ട്. കേസ് കൊടുത്താലോ എന്നാലോചിച്ചതാണ്. ചിലപ്പോള്‍ സുപ്രീംകോടതി വരെ പോകേണ്ടി വരും. ഇനിയും പണം ചെലവാക്കാനാവില്ല.

രഞ്ജിത് നായര്‍ Malayala Manorama

No comments:

Post a Comment