Monday, June 15, 2009

നിര്‍മാണ-വിതരണ രംഗത്തേക്ക് മമ്മൂട്ടിയും


കൊച്ചി: ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്തേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ കാല്‍വെപ്പ്. നിര്‍മാതാവ് ആന്‍േറാ ജോസഫുമായി ചേര്‍ന്ന് 'പ്ലേഹൗസ്' എന്ന പേരില്‍ പുതിയൊരു കമ്പനിക്കാണ് മമ്മൂട്ടി തുടക്കമിട്ടത്. എറണാകുളത്ത് ചിറ്റൂര്‍ റോഡിലെ പുല്ലേപ്പടി ജങ്ഷനില്‍ പ്ലേഹൗസിന്റെ ഓഫീസ് തുറന്നു. പ്ലേഹൗസ് ആദ്യമായി വിതരണത്തിനെടുക്കുന്ന ചിത്രം പുതുമുഖങ്ങളുടേതാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഋതു'.

ലാല്‍ജോസ് - എം.ടി. വാസുദേവന്‍ നായര്‍ ടീമിന്റെ പുതുമുഖ ചിത്രം 'നീലത്താമര'യുമായാണ് അടുത്ത കരാര്‍. അക്കു അക്ബറിന്റെ ജയറാം ചിത്രം 'കാണാക്കണ്‍മണി'യും പ്ലേഹൗസാണ് തിയേറ്ററുകളിലെത്തിക്കുക. സ്വന്തമായി നിര്‍മിക്കുന്ന ചിത്രങ്ങളുടെ ആലോചനകള്‍ നടന്നുവരികയാണെന്ന് ആന്‍േറാ ജോസഫ് അറിയിച്ചു.

ഇടക്കാലത്ത് വേര്‍പിരിഞ്ഞ ഇരട്ട സംവിധായകരായ സിദ്ദിഖ്-ലാല്‍ സഖ്യമാണ് പ്ലേഹൗസിന്റെ വാതില്‍ തുറന്നത്. നാളുകള്‍ക്കുശേഷം ഇവര്‍ ഒന്നിച്ച ആദ്യ ഉദ്ഘാടനച്ചടങ്ങുമായി പ്ലേഹൗസിന്‍േറത്. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ചലച്ചിത്രരംഗത്തെ ഏഴു സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് വിളക്കുതെളിച്ചു. 'അമ്മ'യെ പ്രതിനിധീകരിച്ച് നടന്മാരായ ദിലീപ്, മുകേഷ്, ശ്രീനിവാസന്‍ എന്നിവരും ഫിലിം ചേംബര്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി, ഫെഫ്കയില്‍ നിന്ന് സിബി മലയില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സാബു ചെറിയാന്‍, വിതരണക്കാരുടെ അസോസിയേഷനെ പ്രതിനിധീകരിച്ച് സിയാദ് കോക്കര്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ എം.സി. ബോബി, എക്‌സി. അസോസിയേഷന്റെ മോഹന്‍ എന്നിവരും ചേര്‍ന്നാണ് ദീപം കൊളുത്തിയത്.

Mathrubhumi

No comments:

Post a Comment